ചുമ്മാ ഒരു ബഡായി

*ട്രെയ്നിങ് തൊഴിലാളികൾ*

നാളെയാണ് മാഷ് പറഞ്ഞ എന്റെ ട്രെയ്നിങ് പ്രോഗ്രാം.ഹൈ ക്ലാസ് ഫാമിലി.. അവരുടെ Resident അസോസിയേഷൻ വാർഷിക യോഗം.. " എല്ലാവരെയും ഒന്ന് ഉഷാറാക്കണം.. ജീവിതത്തിന്റെ ടെൻഷൻ, മക്കളുടെ പഠിപ്പ്, ജോലി,വീട് പണി ഹോ ഒന്നും പറയണ്ട തിരക്ക് പിടിച്ച ഈ ജീവിതത്തിൽ ആകെ വർഷത്തിൽ ഒരു ദിവസം കിട്ടുന്ന സന്തോഷം അതാണെങ്കിൽ സ്ഥിരം ഒരു കസേരക്കളിയും തൊപ്പിക്കളിയും.തൊപ്പി വരെ കഴിഞ്ഞ കൊല്ലം കളിച്ച തൊപ്പി.ഇത്തവണ ഒരു മാറ്റം വരണം " വിളിച്ച ആദ്യം മാഷ് പറഞ്ഞതാ.. "ഏതു സ്കൂളിലെ മാഷാ" എന്നാ എന്റെ ചോദ്യത്തിന് ഒരു നീണ്ട ചിരിയായിരുന്നു മറുപടി."ഞാൻ മാഷ് ഒന്നുമല്ല എന്റെ പൊന്നു സാറെ. ഞാൻ ഒരു റിട്ടയേഡ്  മിലിട്ടറി ഉദ്യോഗസ്ഥനാ..
സാധാരണ ഞങ്ങടെ മാസയോഗങ്ങൾക്ക് സ്റ്റെജിൽ കയറി രണ്ടു വർത്തമാനം പറയാറുള്ളത് ഞാനാ. ബാക്കി എല്ലാവർക്കും മടി.. ഇടക്ക് യൂറ്റ്യൂബ്ബിൽ വരുന്ന ചില വീഡിയോ എല്ലാം കണ്ടു ഞാൻ പ്രസംഗിക്കും.. അങ്ങനെ അവരിട്ട പേരാ മാഷ് "
"ആൾക്കാരൊക്കെ ഭീകര അഭിപ്രായം പറയും എന്റെ ക്ലാസ് കഴിഞ്ഞാൽ.. സംഗതി കൊള്ളാമെന്നു എനിക്കും തോന്നി അങ്ങനെ അതൊരു പതിവായി. കഴിഞ്ഞ മീറ്റിംഗിൽ ഒരു അഭിപ്രായം.. പുറത്ത് നിന്നൊരു ആളെ പ്രസംഗിക്കാൻ കൊണ്ടുവരണം എന്ന്.. അങ്ങനെയാ സാറേ ഞാൻ വിളിച്ചത്.. നമ്മൾ രണ്ടും ചെയ്യുന്നത് ഒരേ പണി തന്നെയാ.. നിങ്ങൾ നടന്നു സംസാരിക്കും ഞാൻ മൈക്ക് പിടിച്ചു സ്റ്റെജിൽ നിന്നും സംസാരിക്കും അത്രേ നമ്മൾ തമ്മിൽ വ്യത്യാസം ഉള്ളു..
എനിക്ക് പണ്ടത്തെ പോലെ അങ്ങനെ ഓടി നടക്കാനൊന്നും വയ്യേ.. മുട്ടിന്റെ വേദന...
ഹാ ഹാ ഹോ.. "  മാഷ് ഫോണിന്റെ അപ്പുറം അര്മാദിക്കുകയാണ്... What is your expected outcome after my training program? വായിൽ വന്ന ചോദ്യം ഞാൻ തുപ്പിക്കളഞ്ഞു..
ലേശം സമയം മതി.. ഒരു രണ്ട് മണിക്കൂർ.. അത് കഴിഞ്ഞ് എന്റെ ഒരു ക്ലാസ് കൂടിയുണ്ട്. മ്മടെ ആൾക്കാർക്ക് അല്ലാതെ പിന്നർക്കാ നമ്മൾ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുക അല്ലേ? പൈസയൊന്നും നിങ്ങൾ വിഷയമാക്കണ്ട ഞങ്ങൾക്ക് നല്ല ഫണ്ടും മറ്റുമൊക്കെയുണ്ട്..
മാഷ് വീണ്ടും.... അല്ല മാഷേ എനിക്ക് ഇപോഴും ഒരു ഐഡിയ വന്നില്ല.. എന്താ ഞാൻ ചെയ്യണ്ടത്.. സാധാരണ മോട്ടിവേഷൻ ക്ലാസ് ആണോ ഉദ്ദേശിക്കുന്നത്? എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്ന റിസൾട്? ഫണ്ടിന്റെ കാര്യം കേട്ടപ്പോ എന്റെ ഉള്ളിലെ ട്രെയിനർ വീണ്ടും ഉണർന്നു..ആ നിങ്ങൾ ജനറൽ ആയി കാര്യങ്ങൾ ഒന്ന് പറഞ്ഞു പോയ മതി ആർക്കും ബോറടിക്കരുത്... അല്ല ഇനി അഥവാ ബോറടിച്ചാലും സാരമില്ല അത് കഴിഞ്ഞ് എന്റെ ക്ലാസും ഉണ്ടല്ലോ ഹാ ഹാ.. കഴിഞ്ഞ മീറ്റിംഗിൽ ഇങ്ങനെ ഒരു അഭിപ്രായം വന്നത് കൊണ്ടാ സാറിനെ വിളിച്ചത്.. മാഷ് പിന്നേം ഗോൾ അടിക്കുകയാണ്.. ശെരി മാഷേ അപ്പൊ നാളെ കൃത്യം രണ്ട് മണിക്ക് വരാം.. ബാക്കി നേരിൽ. ഞാൻ ഫോൺ വച്ചു.. നാളത്തെ വാർപ്പിനുള്ള കമ്പിയും സിമന്റും ലാപ്പിൽ തപ്പനൊരുങ്ങി..

*തുടരും*(നിങ്ങൾ അനുവദിച്ചാൽ 😜)
രാത്രി ഒരു മണിയായി.. ഇനി കിടക്കാം ഉള്ളത് വെച്ച് നാളെ നോക്കാം... ഫോൺ ചാർജിനായി എടുത്തപ്പോ  ആറു മിസ്കാൾ.. സൈലന്റിലായതിനാൽ കണ്ടില്ല.. നമ്മടെ പട്ടാളം മാഷ്... ദൈവമേ പരിപാടി  ക്യാൻസലായോ ആവോ.. തിരിച്ചു വിളിച്ചു. ആദ്യ റിങ്ങിൽ മാഷ് ഫോണെടുത്തു.
" അല്ല അതുപിന്നെ നാള നിങ്ങൾ വരുമ്പോ ഒരു കാര്യം കൂടി ചെയ്യണം ഒരു അര മണിക്കൂർ എനിക്ക് സംസാരിക്കാനുള്ള എന്തെങ്കിലും ഒരു വിഷയം ഒന്നെഴുതി റെഡിയാക്കണം.. എനിക്കെന്താ എന്നറീല്ല ഫോണിൽ നെറ്റ് കിട്ടുന്നില്ല.. നമ്മൾ ട്രെയ്‌നർമാർ ആളുകളുടെ മുന്നിൽ മോശമാവാൻ പാടില്ലല്ലോ. സാറിനാവുമ്പോ അത് പറഞ്ഞാ മനസ്സിലാവും..നമ്മളൊക്കെ ഒരു വർഗ്ഗത്തിൽ പെട്ടവരല്ലേ ഹാ ഹാ ഹോ ".. രാത്രി ഒന്നരയായിട്ടും പഹയന്റെ ചിരിക്കു  നീളം കുറവൊന്നുമില്ല. അല്ല മാഷേ ഞാനിനി...... പറഞ്ഞു തീരും മുൻപേ മാഷ് അടുത്ത പൊളിപ്പൻ  ഡയലോഗ് " എന്താ വിഷയം എന്നല്ലേ "ആധുനിക യുവത്വത്തിന്റെ പോക്ക് "അതായിക്കോട്ടെ അതാവുമ്പം പുള്ളാരുടെ മുൻപിൽ ഒരു വില കിട്ടും.ഇപ്പഴത്തെ കുട്ടികൾക്കൊന്നും ഞങ്ങൾ പട്ടാളക്കാരെ വെല്യ വിലയില്ല.. ഇവരുടെ പ്രായത്തിൽ ഞാനൊക്കെ എത്ര മഞ്ഞും വെയിലും"...മൂപ്പർ അടുത്ത ബോംബ്  ബാഗിൽ നിന്നെടുത്ത് കാശ്മീർ തീവ്രവാദികളെ ഏറിയും മുൻപ് ഞാൻ ഫോൺ  കട്ട് ചെയ്തു..പിറ്റേന്ന് ഉച്ചക്ക് ചോറുണ്ട് ബൈക്കെടുത്തു സ്റ്റാർട്ടാക്കുമ്പോ മാഷുടെ അടുത്ത വിളി.. "എന്തായി സംഗതി റഡിയല്ലേ?  കുറച്ചു നേരത്തെ വന്നാൽ എനക്ക് വായിച്ചു പഠിക്കാൻ സമയം കിട്ടും അതാ ഹാ ഹാ ഹോ.. "ദൈവമേ ഇയാളോട് എന്ത് പറയും. ഞാനാണെങ്കിൽ ഒന്നും എഴുതിയിട്ടുമില്ല.. വയറിളക്കം എന്നോ മറ്റൊ പറഞ്ഞു പ്രോഗ്രാം ക്യാൻസൽ ആക്കിയാൽ ഇയാളു ചെലപ്പോ.. എന്തായാലും വണ്ടി സ്റ്റാർട്ട്‌ ആക്കി വിട്ടു.. ഹെൽമെറ്റ്‌ വണ്ടിയിൽ വച്ചു തലയിൽ ഇടാൻ മറന്നതിനാൽ ഹൈവേ സാറന്മാർക്ക് നൂറു രൂപ ദക്ഷിണയും നൽകി യാത്ര ഹൈവേയിലൂടെ... മനസ്സിൽ മുഴുവൻ മാഷോട് എന്ത് പറയും എന്നായിരുന്നു ചിന്ത.. പയ്യന്നൂർ ഇന്റർനെറ്റ് കഫെയിൽ കയറി മാഷ് പറഞ്ഞ വിഷയം തപ്പി.. youth at 2020..ഹാ ഇത് മതി. കോപ്പി പേസ്റ്റ് കണ്ടട്രോൾ+ പി.. പ്രിന്റ് മടക്കി കവറിലിട്ട് തന്ന ചേച്ചിക്ക് 20 രൂപയും കൊടുത്ത് ഞാൻ പറന്നു.. ഭാരതത്തെ സംരക്ഷിച്ച ഒരു പട്ടാളക്കാരന്റെ മാനം കാക്കാൻ...
ഒന്നേ മുക്കാലിന് ഞാൻ പണി സ്ഥലത്തെത്തി..എന്റെ മനസ്സ് പോലെ തന്നെ.. ശൂന്യം.. ഏതായാലും തൊപ്പി വെച്ച ഒരു  കൊമ്പൻ മീശക്കാരൻ ഓടി നടക്കുന്നുണ്ട്..  ഹാഷിക് സാറിന്റെ NLP മനസ്സിൽ  ധ്യാനിച്ചു നേരെ കേറി ചോദിച്ചു.. മാഷേ നമസ്കാരം ഞാനാ ഉണ്ണി നീലമന.. അയ്യോ ഞാൻ മാഷല്ല. പുള്ളി വരുന്നതേ ഉള്ളു മൂന്ന് മണിക്കല്ലേ പരിപാടി.. ങേ മൂന്ന് മണിക്കോ... ദൈവമേ ഇയാൾ നമ്മക്കിട്ടു പണിയോട് പണിയാണല്ലോ..

ഒന്നും ചോദിക്കാതെ തന്നെ അദ്ദേഹം മാഷുടെ കഥ ഒന്നര പേജിൽ കവിയാത്ത ഉപന്യസിച്ചു..ആ കോളനിയിലെ പലരുടെ പ്രാർത്ഥനയിലും ഈ മാഷ് ഉണ്ടത്രേ (എത്രയും പെട്ടന്ന് പുതിയ വീട് വച്ചു ഈ മാഷ് ഇവിടെ നിന്ന് പോകണേ എന്നാണെന്ന് മാത്രം )ഓരോ വീട്ടിലും കയറിയിറങ്ങി ഫ്രീ ഹോം ട്രെയ്നിങ് സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനർ.. അദ്ദേഹം ഇടപെടാത്ത വിഷയങ്ങളില്ല. പറയാത്ത കോട്ടുകളില്ല കഥകളില്ല.. ദൈവമേ എനിക്കാ മനുഷ്യനെ കാണാൻ കൊതിയായി......

(വെറുപ്പിക്കൽ തുടരും.. സത്യായിട്ടും )
രണ്ടര വരെ മൊബൈൽ കുത്തി നോക്കി ഇരുന്നു.. വൈകുമോയെന്ന ഭയത്താൽ ചോറുണ്ടത് കുറവായിരുന്നു..പതുക്കെ വന്നാൽ മതിയായിരുന്നു..
ബാഗിൽ നിന്ന് ആയുധങ്ങൾ എല്ലാം പുറത്തെടുക്കാനുള്ള ശ്രെമത്തിനിടയിൽ ആരോ ഒരാൾ പിറകിൽ നിന്ന് വന്നൊരു സ്വകാര്യം "മറ്റേ ഐറ്റം കൊണ്ട് വന്നില്ലേ? ആളുകൾ വരുന്നതിന് മുൻപ് നമുക്ക് ഒന്ന് നോക്കിയാലോ? ആരെങ്കിലും വന്നാപ്പിന്നെ ഒന്നും നടക്കില്ല "ആ ശബ്ദം കേട്ടപ്പോ തന്നെ ആളെ പിടി കിട്ടി.. മ്മടെ മാഷ്.. എല്ലാ സങ്കല്പങ്ങളെയും തകിടം മറിച്ച ഒരു രൂപം.. മെലിഞ്ഞ ഒരാൾ... കുഞ്ഞു മുഖം.. നാട്ടു നനച്ചു പരിപാലിച്ച ഒരു നസീർ മീശ.. ഞാൻ സെക്കന്ദരാബാദിൽ നിന്നും പിരിഞ്ഞു വന്ന കാലത്ത്.... ഞാൻ വേഗം ആ  കവർ എടുത്ത് കൊടുത്ത് ആ ഒഴുക്കിനൊരു തടയിട്ടു.. മുതുകാടിന്റെ ശിഷ്യൻ ആയിരുന്നോ എന്നൊരു സംശയം.. ആൾ അപ്രത്യക്ഷനായി.. ഞാൻ ആയുധങ്ങൾ ഒന്നൊന്നായ്  മേശപ്പുറത്തു നിരത്തി.. ഇതൊക്കെ വേണോ സാറെ? ഇവിടുള്ള എല്ലാരും പാവങ്ങളാണ്.. ചെറിയ തോതിൽ മതി... ആദ്യം കണ്ട നമ്മടെ മീശക്കാരൻ ചേട്ടൻ... സ്ത്രീകൾ കുറച്ചു ആളുകൾ വന്നിരുന്നു അപ്പോഴേക്കും... തുടങ്ങുന്നതിനു മുൻപേ ടോയ്‌ലറ്റ് അന്യോഷിച്ചു നടന്ന എന്നെ മീശക്കാരൻ ചേട്ടൻ ഒരു കല്യാണ പെണ്ണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പോലെ കൊണ്ടുപോയി ടോയ്‌ലെറ്റിന്റെ മുൻപിൽ നിർത്തിച്ചു..ആരോ അകത്തുണ്ട്... വേഗം വന്നേക്കണം അധികം വൈകിയാൽ വന്ന ആളുകൾ പോവും അതാ.. മീശക്കാരന്റെ ഭീഷണി.. ഒരു രണ്ട് മിനുട്ട് അങ്ങനെ നിന്നു ഞാൻ... ടോയ്‌ലെറ്റിന്റെ വാതിൽ തുറന്നു..
 ദൈവം  പ്രത്യക്ഷപ്പെടുന്നത് സിനിമയിൽ കണ്ടിട്ടുണ്ട്.. ആദ്യമായ് ഞാനത് കണ്ടു
ആദ്യം ഒരു പുക പടലം... വെളുത്ത കട്ട പുകകൾക്കിടയിൽ നിന്ന് കൊണ്ട് അതാ നമ്മടെ പട്ടാളം മാഷ്... .. ഒന്നും പറയാതെ ഒരു ദേഷ്യ ഭാവത്തിൽ ആ എന്നും പറഞ്ഞു തിടുക്കത്തിൽ പോയി..
തിരിച്ചു വന്നപ്പോഴേക്കും കുറച്ചു കൂടി ആളുകൾ.. ആ നിന്റെ ഉപദേശം തുടങ്ങിക്കോ എന്നാ മട്ടിൽ കുറെ ആളുകൾ.. മറ്റുചിലർ സുഖമായി ഉറങ്ങാൻ വേണ്ടി കയ്യും കാലുമെല്ലാം -ക്ഷ- രൂപത്തിൽ ഇരിക്കുന്നു.. .. ട്രെയ്‌നിങ്ങിന്റെ ആദ്യ പാഠം പഠിപ്പിച്ചു തന്ന എല്ലാവരേം മനസ്സിൽ ധ്യാനിച്ച് സംഭവം തുടങ്ങി.. എന്തെന്നല്ലാത്ത പ്രവാഹം.. മുഴുമിക്കാൻ അനുവദിച്ചില്ല പകുതി മുക്കാൽ ആയപ്പഴേക്കും പിറകിൽ നിന്നും ഓടി വന്നു ചെവിയിൽ സ്വകാര്യം പറഞ്ഞു മ്മടെ മീശക്കാരൻ... ഇനി നമ്മടെ മാഷുടെ ക്ലാസ് ആണ്... ഞാൻ അപകടം മനസ്സിലാക്കി വിമാനം നിലത്തിറക്കാൻ ശ്രെമം തുടങ്ങി... മുടി കൊഴിയുന്നത് കൊണ്ടാണ് ഹെൽമെറ്റ്‌ വെക്കാത്തത് എന്ന് പോലീസ് മാമനോട് പറഞ്ഞപ്പോ തലയുണ്ടെങ്കിൽ അല്ലേ മുടി കൊഴിയൂ എന്ന് ചിരിച് കൊണ്ട് മറുപടി പറഞ്ഞ ആ മനുഷ്യനെ സ്മരിച്ചു കൊണ്ട് മൈക് ഓഫാക്കി..പിന്നെയുള്ള ഒരു മുക്കാൽ മണിക്കൂർ ഞാൻ ഏതു ലോകത്തായിരുന്നു എന്ന് ചോദിക്കരുത്..2020 ൽ ഇന്ത്യയിലെ മുഴുവൻ യുവാക്കളും പുകവലിച്ചു മരിക്കും എന്ന് ഘോര ഘോരം ക്ലാസ് എടുത്ത നമ്മടെ പ്രിയ നായകൻ.. അതും തലങ്ങും വിലങ്ങും കസേരക്കിടയിൽ കൂടിയും  നടന്നു കൊണ്ട്( ഉദ്ദേശം നേരെ നടന്നാൽ വാളയാർ ചെക് പോസ്റ്റിൽ എത്തുമായിരുന്നു എന്നെനിക്ക് തോന്നി )..പുക വലിച്ചാൽ കിട്ടുന്ന ആനന്ദത്തെ പറ്റിയും ആ സത്യസന്ധനായ മനുഷ്യൻ പറയാൻ മറന്നില്ല കേട്ടോ.. സ്നേഹം കൊണ്ടാണോ ബഹുമാനം കൊണ്ടാണോ അതോ ഇതിന്റെ ബാക്കി നാളെ വീട്ടിൽ കേറി വന്നു പറയുമെന്ന പേടി കൊണ്ടാണോ എന്നറിയില്ല. ഹാളിൽ മുഴുനീള കയ്യടിയായിരുന്നു 👏🏻 മാഷേ ഒന്നരപേജിൽ കുറ്റം പറഞ്ഞ മീശക്കാരൻ ചേട്ടന്റെ കയ്യടി "ഫ്രണ്ട്സ് "സിനിമയിലെ ശ്രീനിവാസനെ ഓർമിപ്പിച്ചു (അടുത്ത വർഷത്തെ റെസ്‌ഡെന്റ് അസോസിയേഷൻ സിക്രട്ടറി ആണ് കക്ഷി )തണുത്ത പാനീയം കുടിക്കുമ്പോ മാഷ് വന്നു ഒന്നും പറയാതെ ഒരു ചിരി മാത്രം.. എന്റെ കൂലി തന്നു.. ഉച്ചക്ക് ഞാൻ പ്രിന്റ് എടുത്ത് ഇട്ടു  കൊടുത്ത അതെ കവർ.. അതെ കനം.. വാങ്ങി ബാഗിലിടുമ്പോൾ മുഴുവൻ ആവലാതി ആയിരുന്നു ദൈവമേ ഇത് മുഴുവൻ രണ്ടായിരത്തിന്റ കനം ആണോ അതോ രാവിലെ ഞാൻ കൊടുത്ത പ്രിന്റ് മാത്രം  ആണോ.. വീട്ടിലെത്തി ബാഗ് എടുത്ത് തറയിൽ വച്ചു ഷൂ ഊരി വച്ചപ്പോഴേക്കും ഭാര്യ ബാഗ് തപ്പി  അത്ഭുതത്തോടെ വന്നു ചോദിച്ചു  ഇതെന്താ ഉണ്ണിയേട്ടാ ഒരു 250/= രൂപ കവറിൽ.. കുറെ കടലാസും ഉണ്ടല്ലോ.. ഞാൻ കലാഭവൻ മണി ആവാതെ പിടിച്ചു നിന്നു.. (ബോധം പോയാൽ നാണക്കേടല്ലേ )പിന്നൊന്നും നോക്കിയില്ല..അതെ പറ്റി ആലോചിച്ചുമില്ല  കടലാസും കവറും കളഞ്ഞേക്കാൻ പറഞ്ഞു ഭാര്യയോട്.. ഫോൺ ബെല്ലടിക്കുന്നു അറിയാത്ത നമ്പർ.. സാർ ഞാൻ ഉച്ചക്ക് പരിചയപ്പെട്ട ആളാണ്‌(മ്മടെ മീശക്കാരൻ ചേട്ടൻ ).. ഒരു 500 രൂപയുടെ വൗച്ചർ ഒപ്പിട്ട് തരണം കേട്ടോ പിന്നേ മതി.. ഹമ്പട മാഷേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് പാന്റ് മാറ്റുമ്പോൾ അടുക്കളയിൽ നിന്ന് മോൾ ഉറക്കെ ചോദിച്ചു അച്ഛാ *American youth -5.6million smokers* ഈ പേപ്പർ അച്ഛന് വേണോ കളയട്ടെ എന്ന്......

(കയിഞ്ഞു ട്ടാ )(അന്ന് ഞാനും ഇന്ന് ഈ കഥയും )

Comments